കർദ്ദിനാൾ പരോളിൻ: അപ്പൊസ്തോലിക് നുൺഷ്യൊ ഒരു “പാലം” !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാപ്പായുടെ നയതന്ത്രപ്രതിനിധി, സർവ്വോപരി, ക്രിസ്തുവിൻറെ വികാരിയ്ക്കും ഏതു സമൂഹത്തിലേക്കാണോ അയയ്ക്കപ്പെട്ടിരിക്കുന്നത് ആ സമൂഹത്തിനും മദ്ധ്യേയുള്ള പാലമാണെന്നും ഒപ്പം അദ്ദേഹം പ്രാദേശിക സഭകൾക്ക് അപ്പൊസ്തോലിക സിംഹാസനവുമായുള്ള ബന്ധം സജീവമായി നിലനിറുത്തുവെന്നും വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.
പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രപ്രതിനിധികളുമായി ജൂൺ 10-ന് ലിയൊ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തുന്നതിൻറെ തലേന്ന് വത്തിക്കാൻറെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
ലോകത്തിൻറെ മുറിവുകൾക്കും സുവിശേഷത്തിൻറെ പ്രത്യാശയ്ക്കുമിടയിലും അവർ പാലം തീർക്കുന്നുവെന്ന് കർദ്ദിനാൾ പരോളിൻ പ്രസ്താവിച്ചു.
പൗരാധികാരികളുമായുള്ള സംഭാഷണം,വിള്ളലുകൾ സൗഖ്യമാക്കൽ, സമാധാനം, നീതി, മതസ്വാതന്ത്ര്യം എന്നിവ പരിപോഷിപ്പിക്കൽ തുടങ്ങിയ അവരുടെ ഔദ്യോഗിക ദൗത്യങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം അവരുടെ ദൗത്യത്തെ തണുപ്പൻ വ്യവസ്ഥാപിതപരമായ പ്രവർത്തനമായി ചുരുക്കാനാകില്ലെന്നും അതിന് അജപാലനപരമായ യഥാർത്ഥ സാന്നിധ്യത്തിൻറെ പിന്തുണയുണ്ടാകണമെന്നും പറഞ്ഞു.
ഒരു അപ്പൊസ്തോലിക് നുൺഷ്യൊ, സർവ്വോപരി, സഭയുടെ മനുഷ്യനും ഒപ്പം, നല്ല ഇടയനായ ക്രിസ്തുവിനെ മാതൃകയാക്കേണ്ട ഇടയനും ആണെന്ന് കർദ്ദിനാൾ പരോളിൻ പ്രസ്താവിച്ചു. അപ്പൊസ്തോലിക് നുൺഷ്യൊ പത്രോസിൻറെ പിൻഗാമിയ്ക്കും പ്രാദേശിക സഭകൾക്കും ഇടയിലും സഭയ്ക്കും രാഷ്ട്രങ്ങൾക്കുമിടയിലും പാലം ആയിത്തീരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: